2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

നിഴൽ വരകൾ

നിഴൽ വരകൾ
******************************
നഗ്നതകൊണ്ടു മറയ്ക്കപെട്ട
ഉടലീരടികളെ,
അപരയുടെ സംഗീതംപോലെ
ആസ്വദിച്ച ഒരു തണുത്ത
വെളുപ്പാൻ കാലത്ത് ,
ഉടലൊരു ബാധ്യതപോലെ
ഊരിയെറിഞ്ഞ്
ശൂന്യതയിലെക്കെന്നെ തള്ളി ,
ഓർമ്മിചെടുക്കാവുന്ന ഒരു
വാക്കിലെ പൂവോ ,
അവസാനം വരേയ്ക്കും
വെളിപ്പെടാത്ത ഉടൽ
നിഗൂഡതയോ ,
രുചിച്ചു നോക്കാവുന്ന മുന്തിരി പുളിപ്പോ ,
അതുമല്ലങ്കിൽ
മധുരമായ ഒരു സ്വപ്നത്തിലേക്ക്
വെളിച്ചം പകരുന്ന ജനാലകൾക്കുമേൽ
മഞ്ഞ് നിന്നെ വരച്ച്
ഓർമ്മപ്പെടുത്തുന്നതോ
എങ്കിൽ !
ചുംബനങ്ങൾ തിണർക്കപെട്ട എന്റെ
ആത്മ കഥയക്കുമേൽ...
നിലാവ് അവസാന ശ്വാസവും പൊഴിക്കുന്നു !
ഞാൻ ഭൂമിയുടെ കണ്ണീർ ചാലിലൂടെ
പേപ്പർ വള്ളമായ്,
സൂര്യനെ വിഴുങ്ങുന്ന കടലിന്റെ
വിശപ്പിൽ ദഹിച്ചു തീരുമ്പോഴും ,
നിന്റെ കണ്ണീരിന്റെ നനവിൽ ഞാൻ നട്ട
നഖക്ഷതങ്ങൾ ....
നിന്റെ പുഞ്ചിരിയിൽ
പുതു നാമ്പുകളായി പുനർജനിക്കും.
അതുവരേക്കും
നഗ്നത കൊണ്ട് മറയ്ക്കപെട്ട
ഉടലീരടികളെ ,ഇനിയും വെളിപ്പെടാത്ത
നിന്റെ നിഗൂഡത പോലെ
നിശബ്ദമായ് ഞാൻ
മുട്ടിവിളിക്കാം !

2014, മേയ് 26, തിങ്കളാഴ്‌ച

നീ.......


നിന്‍റെ ഉറക്കമില്ലാത്ത രാത്രിയാണ്
എന്‍റെ ജീവിതം
നിന്‍റ മൌനമാണ്‌
എന്‍റെ സംഗീതം
നിന്‍റ സ്വപ്നങ്ങളാണ്
എന്‍റെ പ്രതീക്ഷ
നിന്‍റ അഴകാണ്
എന്‍റെ ആഹാരം
നിന്‍റ മണമാണ്
എന്‍റെ ലഹരി
നിന്‍റ ഒഴിഞ്ഞ വസ്ത്രങ്ങളാണ്
എന്‍റെ കിടക്ക
നിന്‍റ നിശ്വാസങ്ങളാണ്
എന്‍റെ പുതപ്പ്
നിന്‍റ വിരലുകളാണ്
എന്‍റെ സ്പര്‍ശനം
നിന്‍റ കണ്ണുകളാണ്
എന്‍റെ കാഴ്ച
നിന്‍റ നാണമാണ്
എന്‍റെ നഗ്നത
നിന്‍റ ഓര്‍മ്മയാണ്
എന്‍റെ ഭൂതകാലം
നിന്‍റ നെടുവീര്‍പ്പുകളാണ്
എന്‍റെ ആത്മകഥ
നിന്‍റ വാക്കാണ്
എന്‍റെ പെരുവഴി...


ജീവിതത്തില്‍ ഒരു പ്രണയിനി ഇല്ലായിരിന്നിട്ടും ഒരിക്കല്‍ അതിക്രൂരമായി ഒറ്റപ്പെട്ടുപോയഒരു രാത്രിയില്‍ പ്രണയം എന്റ എല്ലാ നിബന്ധതകളെയും തള്ളിമാറ്റി എന്നെ നിസ്സഹായനാക്കി. ചുറ്റും അതിശക്തമായ നിയമങ്ങളുട വേലിക്കെട്ടുകള്‍ ഉള്ള ഒരു രാജ്യത്തായാതിനാല്‍ മറ്റൊരു വഴിയും ഇല്ലന്നിരിക്കെ ഒരു ചെറിയ കുത്തി കുറിപ്പിന്റ മെയ്‌ വഴക്കത്തോടെ ഞാന്‍ അതിനെ കയ്യില്‍ ഒതുക്കി. ഇതു പദ്യമോ! ഗദ്യമോ! ചവറൊ! അറിയില്ല...... 

മൗനത്തിന്റെ മറുപുറം നിശബ്ദതയെ തൊടുമ്പോള്‍

മൗനം തോടുപോളിച്ചു
ശബ്ദത്തിന്റെ പൂട്ട്‌ തുറന്നവള്‍.
കേട്ട് കേട്ടെന്റെ കേള്‍വിയുടെ
ചരിത്രമായവള്‍.
കേട്ട് തുടങ്ങിയപ്പോള്‍
ഒരു പ്രായം മുഴുവന്‍
കുപ്പി വളകളുടെ നാണവും,
പ്രണയവും പരിഭാവവുമാ-
യുടഞ്ഞവള്‍.

കണ്ടപ്പോള്‍ കേട്ടതോക്കയും
വെട്ടിയും തിരുത്തിയും
വിശുദ്ധമാക്കുകയോ,
വികൃതമാക്കുകയോചെയ്യ്തവള്‍.  
നിരാശയുടെ ചാറ്റലില്‍
കണ്ണിരായ് നനഞ്ഞു, തിരിന്ജോഴുകാതോഴുകിയവള്‍.

എന്നിട്ടും മൗനം വീണ്ടും
നിന്റെ വാക്കുകളുടെ
ഉറവയടയ്ക്കുന്നു.
പ്രണയം സ്കലിപ്പിച്ച രേതസിന്റെ
പശിമയില്‍ ഉള്ളില്‍ ഞാനോട്ടിയോ-
എന്ന് നീ തിരിഞ്ഞു നില്കുന്നു.
എങ്കിലും
മുട്ടിവിളിക്കുന്നുന്ടെന്നും-
മെന്‍‍പ്രാണനാല്‍
നീ ഉണരാത്തത്ര
നിശബ്ദമായ്.

വെറുതെ....



നോക്കരുതോരിക്കലും
വെറുതെ നീ.....
നോട്ടത്തില്‍ സ്നേഹത്തിന്റെ
അടയാളങ്ങളുണ്ട്.

ചിരിക്കരുതോരിക്കലും
വെറുത നീ ....
ചിരിയില്‍ സ്നേഹത്തിന്റെ
നിക്ഷേപമുണ്ട്.....

കരയരുതോരിക്കലും
വെറുതെനീ....
കണ്ണിരില്‍ സ്നേഹത്തിന്റെ
ഫോസിലുകളുണ്ട്.

വാചാലമാകരുതോരിക്കലും
വെറുതെനീ...
വാക്കില്‍ സ്നേഹത്തിന്റെ
വിളംബരമുണ്ട്

സ്പര്‍ശിക്കരുതാരെയും
വെറുതെനീ...
സ്പര്‍ശത്തില്‍ സ്നേഹത്തിന്റെ
മുദ്രകളുണ്ട്

പ്രണയിക്കരുതാരെയും
വെറുതെനീ...
പ്രണയം പ്രപഞ്ചത്തിന്റെ
കയ്യോപ്പുകളാണ്.

വേറുക്കരുതാരെയും
വെറുതെനീ...
വെറുപ്പില്‍ സ്നേഹത്തിന്റെ
നൊമ്പരമുണ്ട്.

സൌഹൃദം


ഇരപിടിയന്റെ സൌഹൃദം
ഒരധിനിവേശമാണ്.
മുട്ടിവിളിയുടെ മുന്ജാമ്യംപോലുമില്ലാതെ
മൌനംതുറക്കും,
ഒരു ചിരിയോ ഉപചാരമോ കൊണ്ട്
ഉള്ളിലെക്കൊരു പരവതാനിവിരിയ്ക്കും,
പിന്നെ,തന്ത്രപ്രധാനമായപഞ്ചേന്ദ്രിയങ്ങള്‍
ഒന്നൊന്നായ് പിടിച്ചെടുക്കും,
തലയ്ക്കുമുകളില്‍ തത്വശാസ്ത്രങ്ങളുടെ
തന്തയില്ലാ വിമാനങ്ങള്‍
നിരീക്ഷണപറക്കല്‍ നടത്തും,
കാരുണ്യം, ദയ, സ്നേഹം, പ്രണയം
എന്നീ ജൈവകൃഷിയുടെ
പേറ്റെന്റവന്‍ കവര്ന്നെടുക്കും,
കപടാശയങ്ങളുടെ ഷണ്ഡികരിച്ച
ജനിതക വിത്തുകള്‍ വിതയ്ക്കാന്‍ തരും.
തിരിച്ചറിയാന്‍ സൂക്ഷ്മതലത്തിലൊരു
അടയാളവും അറിഞ്ഞുകൊണ്ട്
ബാക്കി വെക്കില്ല.
എങ്കിലും പരമസാത്വികന്റെ
പഴഞ്ചന്‍ കുപ്പായം വ്യക്തിത്വത്തിന്റെ
ബാര്‍കോഡായി കയ്യിലുണ്ടാകും.
പുച്ഛവും, ധാര്‍ഷ്ട്യവും, അഹന്തയും
നവരസങ്ങളുടെ രസകൂട്ടില്‍
വിഷാദം ചമയ്ക്കും.
ഉണര്ന്നെണീയ്ക്കാന്‍ ഒരുകീറു-
ഭൂമി തിരയുന്നുവേന്കില്‍!
ഇരപിടിയന്റെ സൌഹൃദം
അധിനിവേശമെന്നുനിങ്ങള്‍
തിരിച്ചറിയുകയും, ഒരു പരാജിതന്റെ
മുഖച്ചായയായിരുന്നു അവനെന്ന്
ഓര്‍മ്മപ്പെടുകയും ചെയ്യും.
വിശക്കുന്നവന്റെ മുന്നില്‍ ഇര
ജീവശാസ്ത്രം !
ഇരയ്ക്ക് മുന്നില്‍
ഇരപിടിയനെന്തു പ്രത്യേയശാസ്ത്രം

ഇരുട്ടിന്റെ ചിത്രം



വെളുക്കും മുന്‍പ്‌  ഉണര്‍ത്തിയതാരെന്നെ ?
എം. എസ്. സുബലക്ഷ്മിയോ ?
ഭാര്യയോ ? കോഴിയോ ? അതോ
ഉണ്ണിയോഴിച്ച മൂത്രമോ ?
കണിവിളക്കിനു മുന്നില്‍ കണ്‍ തുറന്നപ്പോള്‍
കണ്ടത് കണ്ണനെയല്ല
കൊള്ളപ്പലിശക്കാരന്‍ സ്റ്റിഫന്റെ മുഖമായിരുന്നു.
വെകാത്ത കപ്പയും വെന്തമനസുമായി 
പ്രാതലിനിരിക്കുംപോളവള്‍
വാടകക്കുടിശ്ശികയും പാലിന്റെ-
കണക്കും വിളമ്പി....
അരുചിയില്‍ മനംപുരട്ടി 
പ്രാതല്‍ മാറ്റി പ്രാണനുംകൊണ്ട് പിന്മതില്‍ ചാടി 
പുറത്തേക്കിറങ്ങി.
സ്വത്തും സ്ഥാനമാനങ്ങളും ത്യജിച്ചു 
പ്രണയ ലഹരിയിലിറങ്ങിത്തിരിച്ചവള്‍,
എന്നുള്ളില്‍ സ്നേഹതീര്‍ത്ഥം കുടഞ്ഞവള്‍,
ഉടലിനുന്‍മാദമാവോളം പകര്‍ന്നവള്‍,
ഉണ്ണിയെ ഉദരത്തിലോമനീച്ചവള്‍.
ഉപ്പും ഉണക്കമുളകുമുടച്ച് ഊണൊരുക്കിയവള്‍,
കറുത്തചരടില്‍ കയ്യ്-
ചേര്‍ത്തെന്നെപ്പഴിക്കാതെ 
ദാരിദ്ര്യവും സ്വപ്നവും കൊറിച്ചിരിക്കുന്നു.
അലക്കിയിട്ടും അലക്കിയിട്ടും 
തെളിയാത്ത മുഷിഞ്ഞ വസ്ത്രംപോലെ 
ജീവിതം പിന്നയും....പിന്നയും......

ചിതറി വീഴുന്ന ചുവടുകള്‍



ഉറങ്ങാതെത്രയോ  രാത്രികളുന്തി
കണ്ണിരു വീണു മുറിഞ്ഞ  വാക്കുകളെണ്ണി-
യുറഞ്ഞു തകര്‍ന്നു ഞാന്‍  തളരവെ....
കരുതിയില്ലൊരിക്കലുമെനിക്കായ് 
ഒരു തുകല്‍ചെരുപ്പ് പോലും 
തണല്‍ വറ്റി തിളച്ച 
ഈ ജന്മം കടക്കുവാന്‍......
ഉയിരുപോലും ഊറ്റി പകുത്തിട്ടും,
ഉണ്മ ചൊല്ലി തലോടി പുണര്ന്നിട്ടും
  ഒടുവില്‍ വജ്ര സൂചിപോല്‍-
നീളുന്നു നെഞ്ചിലായ്‌
ഉഗ്ര ശാസനത്തിന്നുറയൂരി- 
  വിരലുകള്‍.
എണ്ണവറ്റി അണഞ്ഞുപൊയ് നാളങ്ങള്‍ 
അന്ധകാരം വിഴുങ്ങി നിഴലിനെ 
ചിതറി വീഴും ചുവടുകള്‍-
ചെര്ത്തിനി ഇണപോലുമില്ലാതെ 
താണ്ടണം എത്രനാള്‍!   
മുകളില്‍ മേഘം തുടുക്കുമോ  തുള്ളിയായ്....
പോരിയുമാത്മദാഹം ശമിക്കുവാന്‍ 
വിതറി വീഴട്ടെ ചുറ്റിനും തുള്ളികള്‍ 
വഴുതി വീഴാതെ നീങ്ങണം  കരുതലായ്‌.....