2014 മേയ് 26, തിങ്കളാഴ്‌ച

നീ.......


നിന്‍റെ ഉറക്കമില്ലാത്ത രാത്രിയാണ്
എന്‍റെ ജീവിതം
നിന്‍റ മൌനമാണ്‌
എന്‍റെ സംഗീതം
നിന്‍റ സ്വപ്നങ്ങളാണ്
എന്‍റെ പ്രതീക്ഷ
നിന്‍റ അഴകാണ്
എന്‍റെ ആഹാരം
നിന്‍റ മണമാണ്
എന്‍റെ ലഹരി
നിന്‍റ ഒഴിഞ്ഞ വസ്ത്രങ്ങളാണ്
എന്‍റെ കിടക്ക
നിന്‍റ നിശ്വാസങ്ങളാണ്
എന്‍റെ പുതപ്പ്
നിന്‍റ വിരലുകളാണ്
എന്‍റെ സ്പര്‍ശനം
നിന്‍റ കണ്ണുകളാണ്
എന്‍റെ കാഴ്ച
നിന്‍റ നാണമാണ്
എന്‍റെ നഗ്നത
നിന്‍റ ഓര്‍മ്മയാണ്
എന്‍റെ ഭൂതകാലം
നിന്‍റ നെടുവീര്‍പ്പുകളാണ്
എന്‍റെ ആത്മകഥ
നിന്‍റ വാക്കാണ്
എന്‍റെ പെരുവഴി...


ജീവിതത്തില്‍ ഒരു പ്രണയിനി ഇല്ലായിരിന്നിട്ടും ഒരിക്കല്‍ അതിക്രൂരമായി ഒറ്റപ്പെട്ടുപോയഒരു രാത്രിയില്‍ പ്രണയം എന്റ എല്ലാ നിബന്ധതകളെയും തള്ളിമാറ്റി എന്നെ നിസ്സഹായനാക്കി. ചുറ്റും അതിശക്തമായ നിയമങ്ങളുട വേലിക്കെട്ടുകള്‍ ഉള്ള ഒരു രാജ്യത്തായാതിനാല്‍ മറ്റൊരു വഴിയും ഇല്ലന്നിരിക്കെ ഒരു ചെറിയ കുത്തി കുറിപ്പിന്റ മെയ്‌ വഴക്കത്തോടെ ഞാന്‍ അതിനെ കയ്യില്‍ ഒതുക്കി. ഇതു പദ്യമോ! ഗദ്യമോ! ചവറൊ! അറിയില്ല...... 

മൗനത്തിന്റെ മറുപുറം നിശബ്ദതയെ തൊടുമ്പോള്‍

മൗനം തോടുപോളിച്ചു
ശബ്ദത്തിന്റെ പൂട്ട്‌ തുറന്നവള്‍.
കേട്ട് കേട്ടെന്റെ കേള്‍വിയുടെ
ചരിത്രമായവള്‍.
കേട്ട് തുടങ്ങിയപ്പോള്‍
ഒരു പ്രായം മുഴുവന്‍
കുപ്പി വളകളുടെ നാണവും,
പ്രണയവും പരിഭാവവുമാ-
യുടഞ്ഞവള്‍.

കണ്ടപ്പോള്‍ കേട്ടതോക്കയും
വെട്ടിയും തിരുത്തിയും
വിശുദ്ധമാക്കുകയോ,
വികൃതമാക്കുകയോചെയ്യ്തവള്‍.  
നിരാശയുടെ ചാറ്റലില്‍
കണ്ണിരായ് നനഞ്ഞു, തിരിന്ജോഴുകാതോഴുകിയവള്‍.

എന്നിട്ടും മൗനം വീണ്ടും
നിന്റെ വാക്കുകളുടെ
ഉറവയടയ്ക്കുന്നു.
പ്രണയം സ്കലിപ്പിച്ച രേതസിന്റെ
പശിമയില്‍ ഉള്ളില്‍ ഞാനോട്ടിയോ-
എന്ന് നീ തിരിഞ്ഞു നില്കുന്നു.
എങ്കിലും
മുട്ടിവിളിക്കുന്നുന്ടെന്നും-
മെന്‍‍പ്രാണനാല്‍
നീ ഉണരാത്തത്ര
നിശബ്ദമായ്.

വെറുതെ....



നോക്കരുതോരിക്കലും
വെറുതെ നീ.....
നോട്ടത്തില്‍ സ്നേഹത്തിന്റെ
അടയാളങ്ങളുണ്ട്.

ചിരിക്കരുതോരിക്കലും
വെറുത നീ ....
ചിരിയില്‍ സ്നേഹത്തിന്റെ
നിക്ഷേപമുണ്ട്.....

കരയരുതോരിക്കലും
വെറുതെനീ....
കണ്ണിരില്‍ സ്നേഹത്തിന്റെ
ഫോസിലുകളുണ്ട്.

വാചാലമാകരുതോരിക്കലും
വെറുതെനീ...
വാക്കില്‍ സ്നേഹത്തിന്റെ
വിളംബരമുണ്ട്

സ്പര്‍ശിക്കരുതാരെയും
വെറുതെനീ...
സ്പര്‍ശത്തില്‍ സ്നേഹത്തിന്റെ
മുദ്രകളുണ്ട്

പ്രണയിക്കരുതാരെയും
വെറുതെനീ...
പ്രണയം പ്രപഞ്ചത്തിന്റെ
കയ്യോപ്പുകളാണ്.

വേറുക്കരുതാരെയും
വെറുതെനീ...
വെറുപ്പില്‍ സ്നേഹത്തിന്റെ
നൊമ്പരമുണ്ട്.

സൌഹൃദം


ഇരപിടിയന്റെ സൌഹൃദം
ഒരധിനിവേശമാണ്.
മുട്ടിവിളിയുടെ മുന്ജാമ്യംപോലുമില്ലാതെ
മൌനംതുറക്കും,
ഒരു ചിരിയോ ഉപചാരമോ കൊണ്ട്
ഉള്ളിലെക്കൊരു പരവതാനിവിരിയ്ക്കും,
പിന്നെ,തന്ത്രപ്രധാനമായപഞ്ചേന്ദ്രിയങ്ങള്‍
ഒന്നൊന്നായ് പിടിച്ചെടുക്കും,
തലയ്ക്കുമുകളില്‍ തത്വശാസ്ത്രങ്ങളുടെ
തന്തയില്ലാ വിമാനങ്ങള്‍
നിരീക്ഷണപറക്കല്‍ നടത്തും,
കാരുണ്യം, ദയ, സ്നേഹം, പ്രണയം
എന്നീ ജൈവകൃഷിയുടെ
പേറ്റെന്റവന്‍ കവര്ന്നെടുക്കും,
കപടാശയങ്ങളുടെ ഷണ്ഡികരിച്ച
ജനിതക വിത്തുകള്‍ വിതയ്ക്കാന്‍ തരും.
തിരിച്ചറിയാന്‍ സൂക്ഷ്മതലത്തിലൊരു
അടയാളവും അറിഞ്ഞുകൊണ്ട്
ബാക്കി വെക്കില്ല.
എങ്കിലും പരമസാത്വികന്റെ
പഴഞ്ചന്‍ കുപ്പായം വ്യക്തിത്വത്തിന്റെ
ബാര്‍കോഡായി കയ്യിലുണ്ടാകും.
പുച്ഛവും, ധാര്‍ഷ്ട്യവും, അഹന്തയും
നവരസങ്ങളുടെ രസകൂട്ടില്‍
വിഷാദം ചമയ്ക്കും.
ഉണര്ന്നെണീയ്ക്കാന്‍ ഒരുകീറു-
ഭൂമി തിരയുന്നുവേന്കില്‍!
ഇരപിടിയന്റെ സൌഹൃദം
അധിനിവേശമെന്നുനിങ്ങള്‍
തിരിച്ചറിയുകയും, ഒരു പരാജിതന്റെ
മുഖച്ചായയായിരുന്നു അവനെന്ന്
ഓര്‍മ്മപ്പെടുകയും ചെയ്യും.
വിശക്കുന്നവന്റെ മുന്നില്‍ ഇര
ജീവശാസ്ത്രം !
ഇരയ്ക്ക് മുന്നില്‍
ഇരപിടിയനെന്തു പ്രത്യേയശാസ്ത്രം

ഇരുട്ടിന്റെ ചിത്രം



വെളുക്കും മുന്‍പ്‌  ഉണര്‍ത്തിയതാരെന്നെ ?
എം. എസ്. സുബലക്ഷ്മിയോ ?
ഭാര്യയോ ? കോഴിയോ ? അതോ
ഉണ്ണിയോഴിച്ച മൂത്രമോ ?
കണിവിളക്കിനു മുന്നില്‍ കണ്‍ തുറന്നപ്പോള്‍
കണ്ടത് കണ്ണനെയല്ല
കൊള്ളപ്പലിശക്കാരന്‍ സ്റ്റിഫന്റെ മുഖമായിരുന്നു.
വെകാത്ത കപ്പയും വെന്തമനസുമായി 
പ്രാതലിനിരിക്കുംപോളവള്‍
വാടകക്കുടിശ്ശികയും പാലിന്റെ-
കണക്കും വിളമ്പി....
അരുചിയില്‍ മനംപുരട്ടി 
പ്രാതല്‍ മാറ്റി പ്രാണനുംകൊണ്ട് പിന്മതില്‍ ചാടി 
പുറത്തേക്കിറങ്ങി.
സ്വത്തും സ്ഥാനമാനങ്ങളും ത്യജിച്ചു 
പ്രണയ ലഹരിയിലിറങ്ങിത്തിരിച്ചവള്‍,
എന്നുള്ളില്‍ സ്നേഹതീര്‍ത്ഥം കുടഞ്ഞവള്‍,
ഉടലിനുന്‍മാദമാവോളം പകര്‍ന്നവള്‍,
ഉണ്ണിയെ ഉദരത്തിലോമനീച്ചവള്‍.
ഉപ്പും ഉണക്കമുളകുമുടച്ച് ഊണൊരുക്കിയവള്‍,
കറുത്തചരടില്‍ കയ്യ്-
ചേര്‍ത്തെന്നെപ്പഴിക്കാതെ 
ദാരിദ്ര്യവും സ്വപ്നവും കൊറിച്ചിരിക്കുന്നു.
അലക്കിയിട്ടും അലക്കിയിട്ടും 
തെളിയാത്ത മുഷിഞ്ഞ വസ്ത്രംപോലെ 
ജീവിതം പിന്നയും....പിന്നയും......

ചിതറി വീഴുന്ന ചുവടുകള്‍



ഉറങ്ങാതെത്രയോ  രാത്രികളുന്തി
കണ്ണിരു വീണു മുറിഞ്ഞ  വാക്കുകളെണ്ണി-
യുറഞ്ഞു തകര്‍ന്നു ഞാന്‍  തളരവെ....
കരുതിയില്ലൊരിക്കലുമെനിക്കായ് 
ഒരു തുകല്‍ചെരുപ്പ് പോലും 
തണല്‍ വറ്റി തിളച്ച 
ഈ ജന്മം കടക്കുവാന്‍......
ഉയിരുപോലും ഊറ്റി പകുത്തിട്ടും,
ഉണ്മ ചൊല്ലി തലോടി പുണര്ന്നിട്ടും
  ഒടുവില്‍ വജ്ര സൂചിപോല്‍-
നീളുന്നു നെഞ്ചിലായ്‌
ഉഗ്ര ശാസനത്തിന്നുറയൂരി- 
  വിരലുകള്‍.
എണ്ണവറ്റി അണഞ്ഞുപൊയ് നാളങ്ങള്‍ 
അന്ധകാരം വിഴുങ്ങി നിഴലിനെ 
ചിതറി വീഴും ചുവടുകള്‍-
ചെര്ത്തിനി ഇണപോലുമില്ലാതെ 
താണ്ടണം എത്രനാള്‍!   
മുകളില്‍ മേഘം തുടുക്കുമോ  തുള്ളിയായ്....
പോരിയുമാത്മദാഹം ശമിക്കുവാന്‍ 
വിതറി വീഴട്ടെ ചുറ്റിനും തുള്ളികള്‍ 
വഴുതി വീഴാതെ നീങ്ങണം  കരുതലായ്‌.....

ശവദാഹം.



ആദ്യം എരിഞ്ഞുതീർന്നത്‌,
ഉദ്ധരിച്ച കാമമാണ്‌
നിമിഷങ്ങളെ വേണ്ടി വന്നൊള്ളൂ.
പിന്നെ അല്പം
പൊട്ടലും ചീറ്റലോടും,
ഇക്കാലമത്രയും
ചുമന്നു നടന്ന
ചിന്തകളും തത്വശാസ്ത്രങ്ങളും.
അവസാനം
സമയമേറെയെടുത്ത്, 
കിനാവുകൾ കത്തിയമർന്നപ്പോൾ 
അതിൽ നിന്നും
ആകാശം നിറയെ
ശലഭങ്ങൾ പാറി നടന്നു!

മഴയും നിലാവും




ഞാൻ നിലാവിന്റെ 
ആരുമല്ല,
മഴയുടെയുമല്ല.

എന്നിട്ടും ചിലപ്പോഴൊക്കെ 
എന്നിലവർ മനോഹരമായി 
ഇടപെടാറുണ്ട്.

ആദ്യമായവൾ, മുഖത്ത് നോക്കി
"നിന്നെ ഞാൻ പ്രണയിക്കുന്നു "
എന്ന് പറഞ്ഞപ്പോൾ
കവിത എഴുതാനുള്ള വെളിച്ചം
ജീവനിലേക്കടിച്ചുതന്നത്
നിലാവാണ്‌!

പിന്നവൾ പ്രണയമില്ലന്നു
പറഞ്ഞപ്പോൾ
കരയാനുള്ള കണ്ണീരു തന്നത്
മഴയും 

ആത്മാവില്‍ അവകാശികൾ



ഒരു പൂ മൊട്ടിൽ നിന്ന്
പൂവിലെക്കുള്ള ദൂരം
നമുക്കിടയിൽ വിയർത്തു കിടക്കുന്നു
 കനത്ത ചുവരുകൾക്കുള്ളിൽ,
ട്യൂണ്‍ ചെയ്യ്ത ഭ്രമണ പഥ-
ത്തിലെക്കെറിയപ്പെട്ട ,
ബലി പ്പൂവ് എങ്കിലും
നിന്റെ സംഗീതം
ദൈവത്തിന്റെ മെലഡി പോലെ.
പാകപ്പെടുത്തിയ മടുത്ത
കാഴ്ചകളിലേക്ക് നിന്റെ
കണ്ണുകൾ പിഴുതു വെയ്ക്കുമ്പോൾ,
പിടഞ്ഞു തീരാത്ത ചുംബനം
കൊണ്ട് നിന്റെ ആകാശം നിറയുന്നു.
കൊടും കാറ്റിനുമുന്നിൽ
പരിഹാസംപോലെ ആരാണ്
നിന്നെ കൊളുത്തി വെച്ചത് ?
നീ ചിതറിയ വാക്കുകൾ
നക്ഷത്രങ്ങളായി സ്വപ്നങ്ങളിൽ
ഇണ ചേരുന്നു.
നീ എന്റേത്, എന്റേത്
എന്ന് മാത്രം ശ്വസിക്കുന്ന
ഉച്ചസ്ഥായിയിൽ, മൊട്ട്
പൂവിലേക്ക് വളർന്ന്
മാറിൽ ഇറുക്കിയ വെളിച്ചം
ലോകത്തേക്ക് കുടയുന്നു.
പിന്നെ ഭൂമിയെ
സൂചിമുനയിൽ നിർത്തി
ഒരു സ്പർശവും

രുചി


ഒരേ ഭക്ഷണങ്ങൾ,
പാത്രങ്ങൾ,
തീൻ മേശ !
മടുത്തു, എന്ന് 'നാവ്'
അലങ്കരിച്ച ഭോജനശാലകൾ
പ്രലോഭനീയമെങ്കിലും
അളവറ്റ മസാലയുടെ രൂക്ഷത
അതിൽ നിന്നും പിന്തിരിപ്പിച്ചു.
തൊട്ടു നോക്കുകയോ
രുചിച്ചു നോക്കുകയോ ചെയ്യാതെ
വിശപ്പും തടവി തിരിഞ്ഞു-
കിടന്നതിനാലാവണം
നാവിന്റെ വിഷാദമവൾ
തിരിച്ചറിഞ്ഞത്.

ഇന്ന് വീട്ടിലെത്തിയപ്പോൾ
കൊതിയൂറുന്ന മണം!
മനോഹരമായി മാസാലയിൽ
പൊതിഞ്ഞ ഒരു 'മത്സ്യകന്യക'
മുകളിൽ നിന്ന് താഴോട്ടും
താഴെ നിന്ന് മുകളിലോട്ടും
ആരോഹണ, അവരോഹണ-
ക്രമത്തിൽ ഭുജിച്ചു തുടങ്ങി.
അവസാനം വിയർത്ത്,
അവളുടെ മടിയിലേക്ക്‌ മലർന്നു!

എങ്ങനെ ഒപ്പിച്ചു
എന്ന ചോദ്യത്തിനുമുന്നിൽ-
വിടർന്ന നുണക്കുഴിയിലേക്ക്,
ഒരു സമ്മാനവും കൊടുത്തു.
അപ്പോഴും അവളുടെ കണ്ണുകൾ
പുതിയ രുചികൂട്ടുകൾക്ക്‌ വേണ്ടി
തിളങ്ങുകയായിരുന്നു.

ചില്ലകൾ


വൈകിയാണെങ്കിലും 
വന്നു നീ ചില്ലയിൽ, 
വാക്കുകൾ കൊണ്ടൊരു 
കൂടൊരുക്കാൻ.
ഇലകൾ കൊഴിഞ്ഞൊരു 
വൃക്ഷമാണെങ്കിലും!
അറിയാതെ തളിർത്തു-
നിന്നാത്മരാഗത്താൽ.
വറുതിയിൽ വിണ്ടയീ- 
ഭൂമിയിൽ വേരറ്റ,
വടവൃക്ഷമായ് ഞാൻ 
വിയർത്തു നില്ക്കെ, 

ചിറകാഞ്ഞു വീശി നീ 
കുളിരായ് പടർന്നു യീ 
ചില്ലകൾ പൂവിട്ടതെത്രെ ദിവ്യം!
ആരോ അധികാര-
കൂട്ടിൽ കുടുക്കി നിന്നാ-
കാശമാകെ വിലക്കിയിട്ടും, 
അക്ഷര ചിറകു വിടർത്തി-
പ്പറന്നെന്റെ ആത്മാവി-
ലദൃശ്യമായ് കൂടൊരുക്കി.
ഇനിയെത്രേ വറുതികൾ 
വന്നാലും പൂവിടും,
ചില്ലയിൽ നിൻ-
തൂവൽ സ്പർശമായാൽ.

നിഴൽ പ്രണയങ്ങൾ




സ്നേഹത്തിന്റെ
വിളവെടുപ്പുകാലത്താണ്
നമ്മളാദ്യമായി
പരിചിതരാവുന്നത്.
അതെ സ്നേഹത്തിന്റെ
തണൽ വഴികളിൽ
വെച്ച് തന്നെയാണ്
നമ്മൾ പ്രണയിക്കുന്നതും.
ഇണ ചേർന്നത്‌
പൂത്തിറങ്ങിയ ആ-
സ്നേഹത്തിന്റെ മറവിലും!
എന്നിട്ടും മറ്റൊരു
വിളവെടുപ്പുകാലത്ത് 
വെറുക്കപ്പെട്ടു !
സ്നേഹം ഇത്രമേൽ
അപഹസിക്ക പെട്ടത്
നമ്മൾ പ്രണയിച്ചു-
പോയതിനാലാവണം
ഇത്
അവസാനത്തെ പ്രണയ കവിത
*********************************
വെളിച്ചം നഷ്ടപ്പെട്ട പകലുകൾ ...
വിയർപ്പായി പൊടിയുന്ന മഴത്തുള്ളികൾ...
സർവ്വതും കടപുഴകിയെറിയുന്ന കാറ്റ് ...
നിലാവിന് ചുവപ്പ് നിറം...
മരങ്ങളിൽ കറുത്ത ഇല ...
പൂവുകൾക്ക് ശവത്തിന്റെ ഗന്ധം...
പക്ഷികളുടെ ആർത്ത നാദം....
പോക്കുവെയിലിന് രക്തത്തിന്റെ നിറം...
ചങ്കിൽ പ്രാണന്റെ പിടച്ചിൽ...
അക്ഷരങ്ങളിൽ നിന്ന് കറുത്ത ആവി...
സഖി, വയ്യിനിയൊരു-
വാക്കിൻ തീര്‍ത്ഥം-
കുടഞ്ഞെന്നിലേക്കുണർത്താൻ!
അത്രമേൽ ചിതറിഞാൻ...